എച്ചില്‍ കഞ്ഞി കഴിക്കട്ടെ...



ആകാശം മേഞ്ഞ കുടിലില്‍,
വിശപ്പ്‌ കൊണ്ടു കഞ്ഞി വച്ചു,
എന്നെയൂട്ടാനമ്മയുണ്ടായിരുന്നു...
പട്ടണപ്പകലിന്‍് നടുവിലും,
കെടുതിയുടെ കുറുകെ കെട്ടിയ
പാലത്തിനടിയിലും,
വികാരം വിറ്റരിവാങ്ങിയ
അമ്മയുടെ എതോരാത്രിയുടെ
പുത്രനാണ് ഞാന്‍.....
ആഢ്യത്വം ഉടുതുണിയഴിച്ചത്തിന്റടിയില്‍്
എന്‍റമ്മ പുളയുമ്പോള്‍
പകര്‍ന്ന തീരസത്തില്‍
എന്റനിയന്മാരുണ്ടായിരുന്നു..
തൊപ്പിയിട്ട നേതാക്കള്‍
ആണവബന്ധത്തിലൊപ്പിട്ടു
നഗരകവാടത്തിനു
അത്തറ് പൂശുന്നതിനെപ്പറ്റി
വാ തുറന്നലറുമ്പോള്‍...
ആള്‍ക്കൂട്ടത്തിലരയണ തേടാന്‍
ഞാനുണ്ടായിരുന്നു..
വേദിയില്‍ പ്രസംഗിച്ച
വന്ദ്യനേതാവിന്‍റെ
തെറിച്ച തുപ്പലിനു
അമ്മയുടെ എതോരാത്രിയുടെ
മണമുണ്ടായിരുന്നു...
ഒരു നാള്‍...
വയറു കയറു പൊട്ടിച്ചപ്പോള്‍,
ഞാനാദ്യം തുണി തുരന്നെടുത്ത
നിറഞ്ഞ പണസഞ്ചിയില്‍
നഗര രുചിയറിഞ്ഞു ഞാന്‍....
നഗരക്കറുപ്പൊഴുകുന്ന
ഓടച്ചാലില്‍്
അമ്മ മൂക്കില്‍ പുഴുവരിച്ചു കിടക്കുമ്പോള്‍
കൂടെക്കിടന്നു ചലം തുടച്ചപ്പോള്‍
മരണനീററലുമറിഞ്ഞു ഞാന്‍...
*****
ചോറ് വില്‍ക്കുന്ന കടയുടെ പിറകില്‍
നായകുരയ്ക്കുന്ന എച്ചില്‍ തൊട്ടിയില്‍,
എന്‍റെ കുടലിന്നുത്തരം നല്‍കുമ്പോള്‍
എനിക്ക് നേതാക്കന്മാരോടിഷ്ടം വന്നു..
(അവര്‍ വന്നാല്‍ എച്ചില്‍ തൊട്ടിയില്‍
ചപ്പിയ കോഴിക്കലിന്‍ മണം പരന്നിരുന്നു)
പുതുതായെത്തിയ യജമാനന്മാര്‍
എന്റെ വയററത്തടിപ്പാട്ടില്
നാണയക്കിലുക്കം കേട്ടപ്പോള്‍
അലിവുവിറ്റ് ഞാനന്നം വാങ്ങാന്‍ പഠിച്ചു...
******************
നിങ്ങള്‍ സ്വര്‍ഗം കെട്ടുന്നതിനെ പ്പറ്റി
പ്രസംഗിക്കുക,
അരുമപ്പട്ടിയുടെ പിറന്നാളാഘോഷിക്കുക,
നിങ്ങളുടെ വയറില്‍
രുചികള്‍ നിറയ്ക്കുക....
എന്നിട്ടമര്‍്ന്നൊന്നു ചാരിക്കിടന്നു,
എന്റെ മുഖത്തേക്ക് ഏമ്പക്കം വിടുക..
അതിന്റെ മസാലച്ചുവയില്,
ഞാനീയെച്ചില്‍് കഞ്ഞി കഴിക്കട്ടെ

7 അഭിപ്രായങ്ങൾ:

ബഷീർ പറഞ്ഞു...

:( നഗ്ന സത്യങ്ങൾ

കുട്ടി പറഞ്ഞു...

കവിത ഇഷ്ടപ്പെട്ടു

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

...കമന്റിന്റെ വേര്‍ഡ്‌ വേരിഫിക്കാഷന് എടുത്തു കളയൂ..


കവിത നന്നായിട്ടുണ്ട്....
തീയക്ഷരങ്ങളായി ഇനിയും പിറക്കട്ടെ...കവിതകള്‍

Jayasree Lakshmy Kumar പറഞ്ഞു...

ഷാൻസ്, വരികൾ വളരേ ഇഷ്ടപ്പെട്ടു. വരച്ച ആ ചിത്രവും ഇഷ്ടപ്പെട്ടു :)

Shaans പറഞ്ഞു...

നന്ദി ബഷീര്‍, കുട്ടി, ഹന്ലാലത്, ലക്ഷ്മീ.... വീണ്ടും കാണാം.

പള്ളിക്കുളം.. പറഞ്ഞു...

****
ഗംഭീരം..
അവസാന വരികൾ അതിഗംഭീരം..

FX പറഞ്ഞു...

I liked it ..scalding truths are also part of life